This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തൈറോയ്ഡ് ഹോര്‍മോണുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തൈറോയ്ഡ് ഹോര്‍മോണുകള്‍

Thyroid hormones

തൈറോയ്ഡ് ഗ്രന്ഥിയില്‍നിന്നു സ്രവിക്കുന്ന മൂന്ന് ഹോര്‍മോണുകള്‍. ഇവയില്‍ തൈറോക്സിന്‍ അഥവാ ടെട്രാ അയഡോ തൈറോനീന്‍ (T4) , ട്രൈ അയഡോ തൈറോനീന്‍ (T3) എന്നീ ഹോര്‍മോണുകള്‍ ശരീരത്തില്‍ ഓക്സിജന്റെ ഉപഭോഗം വര്‍ധിപ്പിച്ച് ഉപാപചയ പ്രക്രിയയുടെ നിരക്ക് കൂട്ടുന്നു. രക്തത്തില്‍ കാല്‍സിയത്തിന്റെ അളവ് നിയന്ത്രിക്കുകയാണ് മൂന്നാമത്തെ ഹോര്‍മോണായ തൈറോ കാല്‍സിടോണിന്റെ പ്രധാന ധര്‍മം. ശരീരപേശികളില്‍നിന്ന് കാല്‍സിയവും ഫോസ്ഫറസും രക്തത്തിലേക്ക് പുനരാഗിരണം ചെയ്യുന്നത് തടയുന്നതും തൈറോകാല്‍സിടോണിന്‍ ആണ്.

തൈറോയ്ഡ് ഗ്രന്ഥിയില്‍ നിന്ന് T3 ,T4 എന്നീ ഹോര്‍മോണുകള്‍ മാത്രമേ സ്രവിക്കുന്നുള്ളൂ എന്നായിരുന്നു മുന്‍കാലങ്ങളിലെ ധാരണ. ഹരോള്‍ഡ് കോപ്പ് 1961-ല്‍ കാല്‍സിടോണിന്‍ എന്ന ഹോര്‍മോണിന്റെ സാന്നിധ്യം കണ്ടെത്തി. പാരാതൈറോയ്ഡ് ഗ്രന്ഥിയാണ് ഈ ഹോര്‍മോണ്‍ സ്രവിപ്പിക്കുന്നതെന്നാണ് ഇദ്ദേഹം കരുതിയിരുന്നത്. എന്നാല്‍ 1963-ല്‍ ഈ ഹോര്‍മോണ്‍ തൈറോയ്ഡ് ഗ്രന്ഥിയുടെതന്നെ സ്രവമാണെന്നു കണ്ടെത്തുകയും ഇതിനെ തൈറോകാല്‍സിടോണിന്‍ എന്ന് നാമകരണം ചെയ്യുകയും ചെയ്തു. 1967-ല്‍ തൈറോകാല്‍സിടോണിന്‍ ശുദ്ധമായ അവസ്ഥയില്‍ വേര്‍തിരിക്കുകയും 1968-ല്‍ സംശ്ലേഷണം ചെയ്യുകയും ചെയ്തു. 33 അമിനോ അമ്ലങ്ങളടങ്ങുന്ന ഒരു പോളിപെപ്റ്റെഡാണ് തൈറോകാല്‍സിടോണിന്‍ (തന്മാത്രാ ഭാരം 3800). എന്നാല്‍ തൈറോനീനുകളുടെ വ്യുത്പന്നങ്ങളാണ് മറ്റു രണ്ട് ഹോര്‍മോണുകള്‍.

T3 ,T4 ഹോര്‍മോണുകള്‍ രാസ-ജൈവ പ്രവര്‍ത്തനങ്ങളില്‍ സമാന സ്വഭാവം പ്രദര്‍ശിപ്പിക്കുന്നു. 1919-ല്‍ കെന്‍ഡാല്‍ ആണ് തൈറോക്സിന്‍ ആദ്യമായി വേര്‍തിരിച്ചെടുത്തത്. തുടര്‍ന്ന് 1926-ല്‍ ഹാരിങ്ടണ്‍ തൈറോക്സിന്റെ ഘടന വിശദീകരിക്കുകയും വെളുത്ത നിറമുള്ള പരലുകളുടെ രൂപത്തില്‍ ശുദ്ധമായ തൈറോക്സിന്‍ (T4) വേര്‍തിരിക്കുകയും ചെയ്തു (1930).

ഭക്ഷണത്തിലൂടെ ലഭിക്കുന്ന അയഡിന്‍ രക്തത്തിലെത്തിച്ചേരുമ്പോള്‍ തൈറോയ്ഡ് ഗ്രന്ഥി ആഗിരണം ചെയ്യുന്നു. ഗ്രന്ഥിയിലെ ഫോളിക്കിളിനുള്ളില്‍ അടങ്ങിയിരിക്കുന്ന തൈറോഗ്ളോബുലിന്‍ എന്ന പ്രോട്ടീനിലെ അമിനോ അമ്ളമായ എല്‍-ടൈറോസി(L-tyrosine)നുമായി ചേര്‍ന്ന് മോണോ അയഡോ ടൈറോസിനും തുടര്‍ന്ന് ഒരു അയഡിന്‍ തന്മാത്രയുമായി സങ്കലനം ചെയ്ത് ഡൈ അയഡോ ടൈറോസിനും രൂപീകരിക്കുന്നു. ഈ അയഡിനീകൃത ടൈറോസിന്‍ തന്മാത്രകള്‍ തൈറോയ്ഡ് പെറോക്സിഡേസ് എന്ന എന്‍സൈമിന്റെ പ്രഭാവംമൂലം സങ്കലനം ചെയ്ത് T3 ,T4 എന്നീ രണ്ട് ഹോര്‍മോണുകള്‍ ഉണ്ടാകുന്നു. ഇവ തൈറോഗ്ളോബുലിനുമായി ചേര്‍ന്ന് ഗ്രന്ഥിയുടെ ഫോളിക്കിളിനുള്ളിലെ സുഷിരങ്ങളില്‍ത്തന്നെ നിലനില്ക്കുന്നു. അവിടെനിന്ന് ആവശ്യാനുസരണം ഈ ഹോര്‍മോണുകള്‍ ജലാപഘടനത്തിനു വിധേയമായശേഷം രക്തത്തിലെത്തിച്ചേരുന്നു. തുടര്‍ന്ന് രക്തത്തിലെ പ്ലാസ്മ പ്രോട്ടീനുകളു(thyroid binding proteins)മായി സംയോജിച്ചാണ് ഈ ഹോര്‍മോണുകള്‍ ശരീരകോശങ്ങളിലേക്ക് സംവഹനം ചെയ്യപ്പെടുന്നത്. വിവിധ ശരീരകലകള്‍ വ്യത്യസ്ത നിരക്കിലാണ് ഹോര്‍മോണുകള്‍ ആഗിരണം ചെയ്യുന്നത്. ഉദാ. കരള്‍ ദ്രുതഗതിയിലും തലച്ചോറ് മന്ദഗതിയിലുമാണ് തൈറോക്സിന്‍ സ്വീകരിക്കുന്നത്. ഹോര്‍മോണുകളുടെ സംശ്ലേഷണ നിരക്ക് ഭക്ഷണത്തിലൂടെ ലഭിക്കുന്ന അയഡിന്റെ അളവിനെയും പിറ്റ്യൂറ്ററിഗ്രന്ഥി സ്രവിപ്പിക്കുന്ന തൈറോയ്ഡ് സ്റ്റിമുലേറ്റിങ് ഹോര്‍മോണി(ടി.എസ്.എച്ച്.)ന്റെ പ്രഭാവത്തെയും ആശ്രയിച്ചിരിക്കുന്നു.

ശരീരത്തിന്റെ വളര്‍ച്ചയ്ക്കും ശരിയായ പ്രവര്‍ത്തനത്തിനും T3,T4 എന്നീ ഹോര്‍മോണുകള്‍ ശരിയായ അളവില്‍ ഉത്പാദിപ്പിക്കപ്പെടേണ്ടത് ആവശ്യമാണ്. എല്ലാ ശരീരകലകളിലും പൊതുവേ പ്രഭാവം ചെലുത്താന്‍ ശേഷിയുള്ള അപൂര്‍വം ഹോര്‍മോണുകളില്‍ ഒന്നാണ് തൈറോക്സിന്‍. T3-യും T4 -ഉം അപര്യാപ്തമാകുമ്പോള്‍ എല്ലാ കോശങ്ങളിലെയും ഉപാപചയ പ്രക്രിയകള്‍ പൊതുവേ കുറയുകയും ന്യൂക്ലിയിക് അമ്ലങ്ങളുടെയും പ്രോട്ടീനുകളുടെയും സംശ്ലേഷണം സാവധാനത്തിലാവുകയും ചെയ്യുന്നു. ഏതാണ്ട് എല്ലാ ഉപാപചയ പ്രക്രിയകളിലും പ്രഭാവം ചെലുത്തുന്നതുകൊണ്ടുതന്നെ ഈ ഹോര്‍മോണുകളുടെ പ്രവര്‍ത്തനം പൂര്‍ണമായി വിശദീകരിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. മൈറ്റോകോണ്‍ഡ്രിയയില്‍ നടക്കുന്ന ഓക്സിഡേറ്റീവ് ഫോസ്ഫോറിലേഷന്‍ - കോശങ്ങളിലെ ഊര്‍ജോത്പാദന ഘടകമായ എ.റ്റി.പിയുടെ രൂപീകരണം - ആണ് തൈറോക്സിന്റെ പ്രധാന ധര്‍മമെന്നു കരുതുന്നു. നിര്‍ണായകമായ ചില ന്യൂക്ളിയിക് അമ്ലങ്ങളുടെയും പ്രോട്ടീനുകളുടെയും സംശ്ലേഷണമാണ് തൈറോക്സിന്റെ പ്രധാന ധര്‍മമെന്ന മറ്റൊരു വാദവും നിലവിലുണ്ട്.

തൈറോകാല്‍സിടോണിന്റെ ഉത്പാദനം, സംവഹനം എന്നീ പ്രക്രിയകള്‍ വ്യക്തമായി നിര്‍ണയിക്കപ്പെട്ടിട്ടില്ല. പാരന്‍കൈമകോശങ്ങളിലാണ് തൈറോകാല്‍സിടോണിന്‍ സംശ്ലേഷണം ചെയ്ത് ശേഖരിക്കപ്പെടുന്നത്. രക്ത പ്ലാസ്മയില്‍ കാല്‍സിയത്തിന്റെ അളവ് സാധാരണ നിലയില്‍നിന്ന് വളരെ ഉയരുമ്പോഴാണ് ഈ ഹോര്‍മോണ്‍ സ്രവിക്കപ്പെടുന്നത്.

തൈറോയ്ഡ് ഗ്രന്ഥിക്കോ പൂര്‍വ പിറ്റ്യൂറ്ററി ഗ്രന്ഥിക്കോ ഉണ്ടാകുന്ന തകരാറുകള്‍, ടി.എസ്.എച്ച്. സ്രവത്തിലുണ്ടാകുന്ന കുറവ് എന്നിവ T3,T4 ഹോര്‍മോണുകളുടെ അപര്യാപ്തത അഥവാ ഹൈപ്പോതൈറോയിഡിസത്തിനു നിദാനമാകുന്നു. ടി.എസ്.എച്ച്. ഉത്പാദനത്തിലുണ്ടാകുന്ന കുറവ് ദ്വിതീയ മിക്സെഡീമ(secondary myxedema)യ്ക്കും തൈറോയ്ഡ് ഗ്രന്ഥിയുടെ തകരാറ് പ്രാഥമിക മിക്സെഡീമയ്ക്കും കാരണമാകുന്നു. ഈ രണ്ട് രോഗാവസ്ഥകളിലും അയഡിനും ഓക്സിജനും ആഗിരണം ചെയ്യുന്ന അളവും ഉപാപചയ നിരക്കും കുറയുന്നു. വരണ്ട ചര്‍മം, അതിയായ ക്ഷീണം, ഉറക്കംതൂങ്ങല്‍, തണുപ്പ് സഹിക്കാന്‍ കഴിയാതെ വരിക എന്നിവയും അപര്യാപ്തതാ ലക്ഷണങ്ങളാണ്. തൈറോയ്ഡ് ഗ്രന്ഥിക്ക് വീക്കവും (ഗോയിറ്റര്‍) ഉണ്ടാകാറുണ്ട്. അയഡിന്റെ അപര്യാപ്തത മൂലമോ മറ്റെന്തെങ്കിലും കാരണങ്ങള്‍ കൊണ്ടോ T3,T4 ഹോര്‍മോണുകളുടെ ഉത്പാദനം കുറയുമ്പോള്‍ ഇവ വര്‍ധിപ്പിക്കാനുള്ള ശരീരത്തിന്റെ സ്വാഭാവിക ശ്രമമെന്ന നിലയ്ക്ക് ടി.എസ്. എച്ച്. ഉത്പാദനം വര്‍ധിക്കുന്നതാണ് സാധാരണ ഗോയിറ്ററിനു കാരണമാകുന്നത്.

T3,T4 ഹോര്‍മോണുകളുടെ അമിതോത്പാദനവും (ഹൈപ്പര്‍ തൈറോയ്ഡിസം) ചിലപ്പോള്‍ ഗോയിറ്ററിനു കാരണമാകാറുണ്ട്. ഉപാപചയ നിരക്ക്, ശരീരത്തിന്റെ താപനില, നെഞ്ചിടിപ്പ്, വിശപ്പ് എന്നിവ വര്‍ധിക്കുക; ശരീരം മെലിയുക; അമിതമായി വിയര്‍ക്കുകയും വിറയ്ക്കുകയും ചെയ്യുക എന്നിവയാണ് ഹൈപ്പര്‍ തൈറോയ്ഡിസത്തിന്റെ ലക്ഷണങ്ങള്‍. 20-നും 40-നും മധ്യേ പ്രായമുള്ള സ്ത്രീകളിലാണ് ഇത് സാധാരണ കണ്ടുവരുന്നത്.

തൈറോകാല്‍സിടോണിന്റെ അപര്യാപ്തതയോ അമിതോത്പാദനമോമൂലം രോഗങ്ങള്‍ ഉണ്ടാകുന്നതായി ഇതുവരെ നിര്‍ണയിക്കപ്പെട്ടിട്ടില്ല. എന്നാല്‍ നവജാതശിശുക്കളിലെ ഇഡിയോപതിക് ഹൈപ്പര്‍ കാല്‍സീമിയയും പ്രായപൂര്‍ത്തിയായവരിലെ ഹൈപ്പര്‍ കാല്‍സീമിയയും തൈറോകാല്‍സിടോണിന്‍ ചികിത്സമൂലം ഭേദപ്പെടുത്തുവാന്‍ സാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ രണ്ട് അവസ്ഥകളിലും രക്തത്തിലെ കാല്‍സിയത്തിന്റെ അളവ് വളരെ കൂടുതലായിരിക്കും. വൃക്കകളുടെ കാല്‍സീകരണവും മറ്റുചില മാരക രോഗങ്ങളും ഇതിന്റെ അനന്തരഫലമായി ഉണ്ടാകാം. പേശി ഉപാപചയ തകരാറുകള്‍ക്കും തൈറോകാല്‍സിടോണിന്‍ ചികിത്സ ഫലപ്രദമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍